കഴിവുകള്‍ തിരിച്ചറിയണം
സ്കൂള്‍ കോളജ് തലങ്ങളിലെ പഠനം പൂര്‍ത്തിയാക്കുന്ന യുവതീ യുവാക്കളോട് ഒരു ജോലി ചെയ്യുവാന്‍ നിങ്ങള്‍ക്കുള്ള കഴിവുകള്‍ എന്തെല്ലാം എന്ന് ചോദിച്ചാല്‍ പലപ്പോഴും ഉത്തരം മൗനമായിരിക്കും. കേരളത്തിലെ തൊഴിലധിഷ്ഠിത കോഴ്സുകള്‍ പഠിപ്പിക്കാത്ത സ്കൂള്‍ കോളജുകളില്‍ നിന്ന് പഠിച്ചിറങ്ങുന്ന യുവത്വത്തോട് ഈ ചോദ്യം ചോദിച്ചാല്‍ പ്രതികരണം ഒരു നിസഹായ നോട്ടം മാത്രമായിരിക്കും.
ഇത്തരമൊരു അവസ്ഥയുടെ ഉത്തരത്തിനായി പരതുമ്ബോള്‍ ചിലര്‍ വിദ്യാഭ്യാസരീതിയെ പഴിക്കും. മറ്റു ചിലര്‍ യുവത്വത്തിന്റെ നിസംഗതയെ പഴിക്കും. രണ്ടായാലും വസ്തുത ഒന്നുമാത്രം, അത് ഇന്നിന്റെ ബഹുഭൂരിപക്ഷം യവതീയുവാക്കളും തൊഴില്‍ മേഖലയില്‍ ശോഭിക്കുവാന്‍ പ്രാപ്തരല്ല എന്നതുതന്നെ.
തൊഴിലധിഷ്ഠത വിദ്യാഭ്യാസ സ്ഥാപനങ്ങളും അല്ലാത്തവയും
മേല്‍ സൂചിപ്പിച്ച തരംതിരിവ് ഇന്നിന്റെ യുവത്വത്തില്‍ സൃഷ്ടിക്കുന്ന കോളിളക്കം അനിര്‍വചനീയമാണ്. തൊഴിലധിഷ്ഠിതമല്ലാത്ത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠനം പൂര്‍ത്തിയാക്കുന്ന യുവത്വം ലക്ഷ്യമില്ലാതെ പരതുന്നു. അല്ലെങ്കില്‍ തന്റെ കഴിവിനെ തിരിച്ചറിയാതെ മറ്റ് പല അക്രിയാത്മക മേഖലകളിലേക്കും ചേക്കേറുന്നു. ഇത്തരമൊരു വിശകലനത്തില്‍ മുഖ്യമായും രണ്ട് ഘടകങ്ങള്‍ പ്രസ്താവ്യമാണ്.
ഒന്ന്, തൊഴിലധിഷ്ഠിത മല്ലാത്ത സ്കൂള്‍ – കോളജുകളുടെ പാഠ്യപദ്ധതിയില്‍ മേല്‍ സൂചിപ്പിച്ച കാര്യങ്ങള്‍ പരിഗണിക്കപ്പെടേണ്ടതിന്റെ ആവശ്യകത.
രണ്ടാമതായി സ്കൂള്‍ കോളജ് തലത്തില്‍ പഠിക്കുന്ന യുവത്വത്തില്‍ തൊഴിലധിഷ്ഠിത പഠനത്തിന്റെ ആവശ്യകതയെക്കുറിച്ചുള്ള ബോധ്യം വളര്‍ത്തുക. ഇവ രണ്ടും നമ്മുടെ നാട്ടിലെ വഴിതെറ്റുന്ന യുവത്വത്തിന് മാര്‍ഗനിര്‍ദേശം നല്കുമെന്നതില് തര്‍ക്കമില്ല.
ബോധപൂര്‍വമായ പരിശ്രമം
യുവതീ യുവാക്കളുടെ ബോധപൂര്‍വമായ പരിശ്രമം തൊഴിലധിഷ്ഠിത വിദ്യാഭ്യാസം നേടുവാന്‍ ആവശ്യമാണ്. ഒരു യുവാവിനെയോ യുവതിയെയോ ഇത്തരം ലക്ഷ്യത്തില്‍ നിന്നും വ്യതിചലിപ്പിക്കുന്ന വസ്തുതകള്‍ താഴെ ചേര്‍ക്കുന്നു.
1. അറിവില്ലായ്മ
2. ഭാവിയെക്കുറിച്ചുള്ള ചിന്തയുടെ അഭാവം
3. അലസത
4. നിസംഗതാ മനോഭാവം
5. ലക്ഷ്യബോധില്ലാത്ത കൂട്ടുകെട്ടുകള്‍
6. അമിത സുഖലോലുപതയിലുള്ള അടിമത്വം
7. മിതമായ സമ്മര്‍ദത്തിന്റെ അഭാവം
മേല്‍ സൂചിപ്പിച്ചവ ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ യുവത്വത്തെ വഴിതെറ്റിക്കും. ഇവിടെ ആവശ്യം യുവത്വത്തിന്റെ മനസില്‍ ക്രിയാത്മക ചിന്ത ഉണ്ടാവുക എന്നതാണ്. തന്റെ വിദ്യാഭ്യാസം കഴിഞ്ഞ് പുറത്തിറങ്ങുമ്ബോള്‍ തനിക്ക് ജോലി ചെയ്യുവാനുള്ള അറിവും കരുത്തും നല്കുന്ന മികവുകള്‍ സ്വായത്തമാക്കാന്‍ യുവതീ യുവാക്കള്‍ ശ്രമിക്കണം. ഇതിനായി പ്രവര്‍ത്തിക്കുവാന്‍ ഇന്നിന്റെ യുവത്വത്തെ നാം പ്രാപ്തരാക്കണം.
ആഗ്രഹങ്ങളും മികവുകളും
മനുഷ്യനെ വളരുവാന്‍ സഹായിക്കുന്ന സുപ്രധാന ഘടകം അവന്റെ ആഗ്രഹങ്ങള്‍ തന്നെ. ആഗ്രഹങ്ങള്‍ മരിച്ച മനുഷ്യന് വളരുക പ്രയാസമാണ്. ഇത്യുവത്വത്തിന്റെ കാര്യത്തിലും മറിച്ചല്ല. തനിക്ക് വളരണമെന്ന ആഗ്രഹം യുവത്വത്തില്‍ കത്തിജ്വലിക്കുമ്ബോള് അവന് അല്ലെങ്കില്‍ അവള് തനിക്ക് നിലനില്ക്കുവാനുള്ള കഴിവുകള്‍ അഭ്യസിച്ചിരിക്കും.
കംപ്യൂട്ടര്‍ സംബന്ധിയായ മികവായും ആശയവിനിമയം നടത്തുവാനുള്ള പക്വതയായും ഒരുമിച്ച് പ്രവര്‍ത്തിക്കുവാനുള്ള സന്നദ്ധതയായും തീരുമാനങ്ങള്‍ എടുക്കുവാനുള്ള പ്രാഗല്ഭ്യമായും കാര്യങ്ങള്‍ നാലുപേരുടെ മുന്നില്‍ അവതരിപ്പിക്കുവാനുള്ള ബലമായും ഒക്കെ ഈ മികവുകള്‍ അവരില്‍ പ്രതിഫലിക്കണം. അതിനായി നാം അവരെ പ്രാപ്തരാക്കണം.