ഒ.സി.ഡി എന്ന മാനസിക പ്രശ്നം എന്താണെന്നറിയാം
സിനിമകളില്‍ കാണാം, ആവര്‍ത്തിച്ച് കൈകഴുകുന്ന, വാതില്‍ കുറ്റിയിട്ടിട്ടുണ്ടെന്ന് വീണ്ടും ഉറപ്പിക്കുന്ന ഒരു മാനസിക പ്രശ്നമായി ഒ.സി.ഡി (ഓബ്സസീവ് കംപല്‍സീവ് ഡിസോര്‍ഡര്‍) ചിത്രീകരിക്കുന്നത്.
സിനിമയെ കുറ്റപ്പെടുത്താനാകില്ല. കൗതുകമുള്ള ദൃശ്യങ്ങള്‍ മാത്രമേ അവര്‍ക്ക് പകര്‍ത്താനാകൂ. പക്ഷേ, ഒ.സി.ഡി അതല്ല. ആവര്‍ത്തിച്ച് കൈകഴുകി അഴുക്കില്ലെന്ന് ഉറപ്പുവരുത്തുന്ന പ്രശ്നമല്ല അത്. ആവര്‍ത്തിക്കുന്ന ചിന്തകള്‍ പ്രേരിപ്പിക്കുന്ന ഒരുപാട് കാര്യങ്ങളില്‍ ഒന്നുമാത്രമാകാം കൈകഴുകല്‍.
തുടര്‍ച്ചയായി ഉണ്ടാകുന്ന ചിന്തകള്‍ ആണ് ഒ.സി.ഡിയെ നിര്‍വചിക്കുന്നത്. അതിക്രമിച്ച് കടക്കുന്ന ചിന്തകള്‍ എന്തിനോട് ബന്ധപ്പെടുത്തണമെന്ന് തലച്ചോറിന് നിര്‍ണയിക്കാനാകാതെ വരുന്നു. സാമൂഹികവും വ്യക്തിപരവുമായ രീതിയില്‍ ചിന്തകള്‍ അനുയോജ്യമാണോ എന്ന് വിവേചിക്കാന്‍ മനസ് പ്രയാസപ്പെടുന്നു. ഇത് തുടര്‍ച്ചയായി ചിന്തകള്‍ ആവര്‍ത്തിക്കാന്‍ കാരണമാകുന്നു. അത് ഉല്‍ക്കണ്ഠയിലേക്കും നിര്‍ബന്ധിതമായ എന്തെങ്കിലും പ്രവര്‍ത്തിയിലേക്കും നയിക്കുന്നു. അത്തരമൊരു പ്രവൃത്തി മാത്രമാണ് കൈകഴുകല്‍.
വീട് എപ്പോഴും വൃത്തിയായി സൂക്ഷിക്കുന്നവരും പുസ്തകങ്ങള്‍ എപ്പോഴും അടുക്കുവയ്ക്കുന്നവരും എല്ലാത്തിനും ഒരു ക്രമംവേണമെന്ന് വാദിക്കുന്ന പെര്ഫെക്ഷനിസ്റ്റുകളെല്ലാം ഒ.സി.ഡി ഉള്ളവരല്ല.
ചിന്തകളോട് താദാത്മ്യപ്പെടാന്‍ കഴിയാത്ത അവസ്ഥയാണ് ഒ.സി.ഡി. ഒരു ഉദാഹരണം, അടുക്കളയില്‍ നിങ്ങള്‍ ഒരാള്‍ക്കൊപ്പം സമയം ചെലവിടുന്നു. പെട്ടന്ന് നിങ്ങള്‍ക്കുള്ളില്‍ ഒരു ചിന്ത വരുന്നു – കറിക്കത്തി എടുത്ത് ഒപ്പമുള്ളയാളെ നിങ്ങള്‍ മുറിവേല്‍പ്പിച്ചേക്കാം എന്ന്.
എല്ലാവരെയുംപോലെ ഒരു ദുഷ്ചിന്ത എന്ന് ഇത് തിരിച്ചറിയാന്‍ ഒ.സി.ഡി ഉള്ളയാള്‍ക്കും മനസിലാകും. പക്ഷേ, അത് അയാളുടെ മനസില്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കും.അത് സമ്മര്‍ദ്ദം ഉണ്ടാക്കും, ഉല്‍ക്കണ്ഠ സൃഷ്ടിക്കും. അയാള്‍ക്ക് അറിയാം ഒരിക്കലും കത്തികൊണ്ട് മറ്റൊരാളെ താന്‍ ആക്രമിക്കില്ലെന്ന്, എങ്കിലും അതിലേക്ക് എത്തുമോയെന്ന അകാരണമായ ഭീതിയാണ് പിന്നീട് ഒ.സി.ഡി വ്യക്തിയെ ഭരിക്കുക.
ഓബ്സെഷനുകള്(ഒഴിയാചിന്തകള്) ആകും ചിലര്‍ക്കു പ്രശ്നം. മറ്റു ചിലര്‍ക്ക് അതുമൂലം ആവര്‍ത്തിക്കേണ്ടി വരുന്ന പ്രവൃത്തികളാകും പ്രശ്നം. ആവര്‍ത്തിച്ചു കൈകഴുകിയും പാത്രം തുടച്ചുമെല്ലാം ആ ഭയം ഒഴിവാക്കാനാണ് അവര്‍ ശ്രമിക്കുക.
എന്തെങ്കിലും രോഗമുണ്ടെന്ന തോന്നല്‍, വസ്തുക്കള്‍ സ്ഥാനത്തല്ലേ ഇരിക്കുന്നത് എന്ന ഉറപ്പുവരുത്തല്‍, രീതികളില്‍ മാറ്റം വരുത്താന്‍ ഭയം, കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാത്തതിലുള്ള വിഷമം എന്നിങ്ങനെ നിരവധി വ്യാധികള്‍ ഒ.സി.ഡിയുള്ളവര്ക്കുണ്ടാകും.
ചെയ്യുന്നതെല്ലാം വിവേകമുള്ള കാര്യങ്ങളല്ലെന്ന് ഒ.സി.ഡി വ്യക്തികള്‍ക്കും അറിയാം. ഇതെല്ലാം ചെയ്തില്ലെങ്കിലും മുന്നോട്ടുപോകാമെന്നും അറിയാം. പക്ഷേ, ഒന്നും ചെയ്യാതെ ഇരിക്കാന്‍ അവര്‍ക്ക് കഴിയുന്നില്ല.
തലച്ചോറിനെ പൂര്‍ണമായും വിവേകമുള്ള കാര്യങ്ങള്‍ മനസിലാക്കിക്കുകയാണ് ഒ.സി.ഡിയില്‍ നിന്ന് രക്ഷപെടാനുള്ള മാര്‍ഗം. ഭയമുള്ളതിനെ നേരിടുക, ചിന്തകളെ നേരിടുക, സ്വയം പഠിപ്പിക്കുക. ഒപ്പം കോഗ്നിറ്റിവ് ബിഹേവിയര്‍ തെറാപ്പിയും മരുന്നുകളും സഹായിക്കും.